കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് എസ്എഫ്ഐയെ പഠിപ്പിക്കാൻ സിപിഐ ജില്ലാ സെക്രട്ടറി വരണ്ടെന്ന് എസ്എഫ്ഐ വയനാട് മുൻ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി. ആദ്യം, പ്രദേശത്തെ ഏതെങ്കിലും കോളേജിൽ കുറഞ്ഞത് രണ്ട് പേരെയെങ്കിലും എ.ഐ.എസ്.എഫിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം. എംപിയുടെ ഓഫീസിൽ നടന്നത് വൈകാരിക പോരാട്ടമാണെന്നും രാഹുൽ ഗാന്ധിയുടെ മാപ്പ് എസ്എഫ്ഐക്ക് വേണ്ടെന്നും ജിഷ്ണു ഷാജി പറഞ്ഞു.
“സമാധാനപരമായ പ്രതിഷേധത്തിനാണ് ഞങ്ങൾ നേതൃത്വം നൽകിയത്. എന്നാൽ പ്രതിഷേധക്കാരെ പൊലീസ് മർദ്ദിച്ചതോടെ പ്രതിഷേധം വൈകാരികമായി. ഞങ്ങളെ തല്ലിയാൽ വേദനിക്കില്ലേ? പ്രത്യേക താൽപര്യമുള്ള, കോൺഗ്രസിനു വേണ്ടി പണിയെടുക്കുന്ന പൊലീസാണ് എസ്എഫ്ഐയ്ക്കെതിരെ തിരിഞ്ഞത്.. എസ്.എഫ്.ഐ കുട്ടികളോട് ക്ഷമിച്ചെന്ന് വയനാട്ടിലെത്തിയ രാഹുൽ പറഞ്ഞു. പ്രിയപ്പെട്ട രാഹുൽ ഗാന്ധി, എസ്എഫ്ഐക്കാർക്ക് നിങ്ങളുടെ ക്ഷമ വേണ്ട. നിങ്ങൾ ആദ്യം നിങ്ങളുടെ കോൺഗ്രസ് പ്രവർത്തകരോട് ക്ഷമിച്ചുവെന്ന് പറയുക. കാരണം അവരാണ് ഗാന്ധിജിയുടെ ഫോട്ടോ എറിഞ്ഞത്. ഇവിടത്തെ വിഡ്ഢികളായ കോൺഗ്രസുകാർ കടലാസിൽ എഴുതിത്തരുന്നത് വായിക്കുന്നത് നിർത്തി നാട്ടിലേക്ക് ഇറങ്ങണം. ഇവിടെ പ്രശ്നങ്ങൾ നേരിട്ട് പഠിക്കണം. മനസിലായില്ലെങ്കിൽ ഇടതുപക്ഷവും എസ്എഫ്ഐയും വിഷയങ്ങൾ എത്തിച്ചുതരാം” ജിഷ്ണു പറഞ്ഞു.
ജിഷ്ണു ഷാജി സെക്രട്ടറിയായിരുന്ന എസ്എഫ്ഐ ജില്ലാ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ അക്രമത്തെ തുടർന്ന് പിരിച്ചുവിട്ടിരുന്നു.