മലപ്പുറം: മുൻ ദേശീയ അത്‌ലറ്റ് സ്വർണ്ണവല്ലി ഇനി മുതൽ ഫിറ്റ്‌നസ്സ് ട്രെയ്നറുടെ വേഷമണിയും.സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ജീവിതത്തിലെ മറ്റൊരു തലത്തിലേക്കുള്ള അവരുടെ പ്രവേശനം. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം നടത്തുന്ന കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് സ്വർണ്ണവല്ലി ഫിറ്റ്നസ് ട്രെയിനറായി മാറിയത്.
മലപ്പുറം ജില്ലയിലെ അരിയല്ലൂരിലാണ് 62 കാരിയായ സ്വർണ്ണവല്ലി താമസിക്കുന്നത്. വയനാട്ടിലെ വൈത്തിരിയിൽ നിന്ന് ദേശീയ അത്‌ലറ്റായി വളർന്ന സ്വർണ്ണവല്ലി സംസ്ഥാന സർക്കാർ ജീവനക്കാരനായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച് ആറ് വർഷത്തിന് ശേഷമാണ് ഫിറ്റ്നസ് പരിശീലകയാകാൻ തീരുമാനിച്ചത്.മലപ്പുറത്തെ അത്താണി, വള്ളിക്കുന്നിൽ സുഹൃത്തുക്കൾക്കൊപ്പം ‘ഫിറ്റ്നസ് ജിം’ എന്ന പേരിൽ ജിംനേഷ്യം ആരംഭിച്ചതോടെ സ്വർണ്ണവല്ലിയുടെ തീരുമാനവും നടപ്പിലായി.
കട്ടപ്പന ഗവൺമെന്‍റ് കോളേജിലായിരുന്നു കോഴ്സ്.ജിംനേഷ്യത്തിൽ പരിശീലനവും ഇന്‍റേൺഷിപ്പും പൂർത്തിയാക്കി. കായികതാരമായതിനാൽ ഫിറ്റായിരിക്കേണ്ടതും,ഫോം നിലനിർത്തേണ്ടതും അനിവാര്യമായിരുന്നതിനാൽ അവർ നിത്യവും പരിശീലനത്തിനായി സമയം കണ്ടെത്തിയിരുന്നു.കായികക്ഷമതക്കായി ചെയ്യുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാനുള്ള സ്വർണ്ണവല്ലിയുടെ ആഗ്രഹമാണ് അവരെ ഫിറ്റ്നസ്സ് ട്രെയ്നറാക്കി മാറ്റിയത്.