ബഫർ സോൺ വിഷയത്തിൽ സി.പി.ഐക്കെതിരെ ആഞ്ഞടിച്ച് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. മുൻ സി.പി.ഐ മന്ത്രി കെ.രാജുവാണ് ബഫർ സോണിൽ ജനങ്ങളെ ആശങ്കയിലാക്കിയത്. ബഫർ സോണിൽ 2019 ൽ കെ രാജു ഇറക്കിയ ഉത്തരവാണ് പ്രശ്നമെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ പറഞ്ഞു. അതേസമയം, വനം വകുപ്പിൽ കെഎഫ്ഡിസി എംഡി പ്രകൃതി ശ്രീവാസ്തവയെ സ്ഥലം മാറ്റി. റീബിൽഡ് കേരള സ്പെഷ്യൽ ഓഫീസറായാണ് സ്ഥലം മാറ്റിയത്. ജോർജ് പി മാത്തച്ചൻ പുതിയ വനവികസന എംഡിയാകും.
അതേസമയം ബഫർ സോൺ വിഷയത്തിൽ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ ആവശ്യം കേന്ദ്രം സ്വാഗതം ചെയ്തതായി വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ഞായറാഴ്ച ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്താൻ ഡൽഹിയിലെത്തും, അതിനുശേഷം കോടതിയിൽ ഹർജി നൽകും. ഇപ്പോൾ നല്ല പ്രതീക്ഷയുണ്ട്. ഓഗസ്റ്റ് 12ന് കേന്ദ്ര പരിസ്ഥിതി മന്ത്രി കേരളത്തിലെത്തുമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.