കൊച്ചി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ റിജി ജോൺ സുപ്രീം കോടതിയിൽ. വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ റിജി ജോൺ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
യു.ജി.സി നിയമങ്ങൾ കാർഷിക സർവകലാശാലകൾക്ക് ബാധകമല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് ഹർജിയിൽ പറയുന്നു. ഹർജി നവംബർ 25ന് സുപ്രീം കോടതി പരിഗണിച്ചേക്കും.
2018ലെ യു.ജി.സി ചട്ടപ്രകാരം രൂപീകരിക്കാത്ത സെർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാൻസലറായി നിയമിച്ചതെന്ന കാരണത്താലാണ് വൈസ് ചാൻസലറായി റിജി ജോണിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയത്. എന്നിരുന്നാലും, ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് രണ്ട് അനുസരിച്ച്, കാർഷിക വിദ്യാഭ്യാസവും ഗവേഷണവും സംസ്ഥാന ലിസ്റ്റിൽ പെട്ടവയാണ്. അതിനാൽ തന്നെ ഫിഷറീസ് സർവകലാശാലയ്ക്ക് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 1998, 2010, 2018 വർഷങ്ങളിലെ യുജിസി ചട്ടങ്ങളുടെ പരിധിയിൽ നിന്ന് കാർഷിക സർവകലാശാലകളെ ഒഴിവാക്കിയിട്ടുണ്ടെന്നും റിജി ജോൺ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.