പനജി: കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി ചേരാൻ 40 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ഗോവ മുൻ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോഡങ്കർ. വ്യവസായികളും കൽക്കരി മാഫിയയും നിരന്തരം കോൺഗ്രസ് എംഎൽഎമാരെ വിളിച്ച് ഈ ആവശ്യം ഉന്നയിക്കുകയാണെന്ന് ഗിരീഷ് ചോഡങ്കർ ആരോപിച്ചു. ഗോവയിൽ കൂടുതൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ചോഡങ്കറിന്റെ വെളിപ്പെടുത്തൽ. ഗോവയുടെ ചുമതലയുള്ള എഐസിസി നേതാവ് ദിനേശ് ഗുണ്ടുറാവുവിനോട് ചില എംഎൽഎമാർ ഇക്കാര്യം വെളിപ്പെടുത്തിയതായും ഇയാൾ പറഞ്ഞു.
എന്നാൽ ചോദങ്കറുടെ ആരോപണങ്ങളോട് ബിജെപി സംസ്ഥാന നേതൃത്വം രൂക്ഷമായി പ്രതികരിച്ചു. കോൺഗ്രസിലെ ആശയക്കുഴപ്പവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും എംഎൽഎമാർക്ക് ബിജെപി പണം നൽകി പാർട്ടിയിൽ ചേർക്കുന്നുവെന്നത് കോൺഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തനവാഡെ പറഞ്ഞു.
നിയമസഭാ കക്ഷിയിൽ വിള്ളൽ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോയെ കോൺഗ്രസ് പുറത്താക്കിയത്. നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ ഗോവയിൽ നിർണായക നീക്കങ്ങളാണ് നടക്കുന്നത്. കോൺഗ്രസ് വിട്ട എംഎൽഎമാർ സ്പീക്കറെ കണ്ട് കത്ത് നൽകും. 11 എംഎൽഎമാരിൽ ആറ് പേർ പാർട്ടിക്കൊപ്പമാണെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂറുമാറില്ലെന്ന് ഭരണഘടനയിൽ നിന്ന് പ്രതിജ്ഞയെടുത്താണ് സ്ഥാനാർത്ഥികളെ നിർത്തിയത്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട് മാസങ്ങൾക്കുള്ളിൽ തന്നെ എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേരുകയാണ്.