ലണ്ടൻ: ബ്രിട്ടനിലെ ഔദ്യോഗിക മതമായ ക്രിസ്തുമതം ഇംഗ്ലണ്ടിലും വെയിൽസിലും ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നുവെന്ന് പുതിയ കണക്കുകൾ. ഇതാദ്യമായാണ് ഇവിടെ ക്രൈസ്തവരുടെ എണ്ണം ഇത്രയധികം കുറയുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലും, ക്രൈസ്തവർ ജനസംഖ്യയുടെ പകുതിയിൽ താഴെയാണ്. ബ്രിട്ടീഷുകാർക്കിടയിൽ മതപരമായ ചായ്‌വ് കുറയുന്നതിന്‍റെ സൂചനയായാണ് ഇതിനെ കാണുന്നത്. 2021ലെ സെൻസസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് രാജ്യത്തെ വെള്ളക്കാരുടെ എണ്ണത്തിലും കുറവുണ്ടെന്നാണ്. 86 ശതമാനത്തിൽ നിന്ന് 82 ശതമാനമായാണ് ഇത് കുറഞ്ഞത്.
വംശീയത കുറയുന്നു എന്നതിന്‍റെ തെളിവാണിത് എന്ന കാഴ്ചപ്പാടും ഉണ്ട്. പത്ത് വർഷം മുമ്പ് സെൻസസ് നടക്കുമ്പോൾ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യയുടെ 59.3 ശതമാനം ക്രൈസ്തവരായിരുന്നു. ഇത് 46.2 ശതമാനമായി കുറഞ്ഞു. മറുവശത്ത്, ഇസ്ലാം മതവിശ്വാസികൾ 4.9 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർന്നു. ജനസംഖ്യയുടെ 1.5 ശതമാനമായിരുന്ന ഹിന്ദുക്കൾ 1.7 ശതമാനത്തിലേക്ക് ഉയർന്നു. മൂന്നിൽ ഒരാളെന്ന കണക്കിൽ ജനസംഖ്യയുടെ 37 ശതമാനം മതമില്ലാത്തവരാണ്.