Spread the love

തിരുവനന്തപുരം: ഇ.ഡിയെ ഉപയോഗിച്ചുള്ള ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും രാഷ്ട്രീയ നീക്കങ്ങളിൽ കോൺഗ്രസിന് വ്യത്യസ്തമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇ.ഡി എത്തിയപ്പോൾ സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ശക്തമായി പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യം ചെയ്യലിന് സി.പി.എം കയ്യടിച്ചില്ല. ഇ.ഡിയുടെ നടപടിയെ ചോദ്യം ചെയ്തുള്ള പ്രസ്താവനയാണ് സി പി എം നടത്തിയത്. വാളയാറിനപ്പുറം ഒരു നിലപാടും വാളയാറിനിപ്പുറം മറ്റൊരു നിലപാടും സി.പി.എമ്മിനും എൽ.ഡി.എഫിനും ഇല്ലെന്നതാണ് ഇത്തരമൊരു പ്രസ്താവന നടത്താൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനം പിരിഞ്ഞ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികൾ പൊതുവെ സ്വീകരിക്കുന്ന ഒരു നിലപാടുണ്ട്. ആ നിലപാടുകളെ എതിർക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. രാഹുൽ ഗാന്ധിക്കെതിരായ നടപടിയും ആ രീതിയിലാണ് കണ്ടത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. പല പ്രതിപക്ഷ നേതാക്കളും അതിന്റെ ഭാഗമായി മാറിയിട്ടുണ്ട്. സി.പി.എം ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ഇത്തരം കാര്യങ്ങളിൽ വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്.

By newsten