തിരുവനന്തപുരം: സംസ്ഥാനത്തെ 240 പൊതുവിദ്യാലയങ്ങളിൽ സ്ഥാപിക്കുന്ന സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കൊല്ലം ജില്ലയിലെ ഡോ.വയല വാസുദേവൻ പിള്ള മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ ആദ്യ വെതർ സ്റ്റേഷന്റെ പ്രവർത്തന ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പൊതുവിദ്യാലയങ്ങൾ ആധുനികവത്കരിക്കപ്പെടുന്നുണ്ടെന്നും വിവിധതരം സാങ്കേതിക, ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടികൾക്ക് ശാസ്ത്രലോകം നന്നായി അറിയാൻ കഴിയുന്ന തരത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജില്ലകളിലെ പൊതുവിദ്യാലയങ്ങളിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ കാലാവസ്ഥാ നിലയങ്ങളുടെ നിർമ്മാണത്തിലൂടെ സാധ്യമാകുന്നത്, കുട്ടികൾക്ക് തന്നെ അതാത് പ്രദേശങ്ങളിലെ ദൈനംദിന കാലാവസ്ഥ മുൻകൂട്ടിയും കൃത്യമായും പരിശോധിക്കാനും ഡാറ്റ തയ്യാറാക്കാനും കഴിയും എന്നതാണ്.
ആദ്യഘട്ടത്തിൽ 240 എണ്ണം സ്ഥാപിക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി), കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ഡബ്ല്യു ആർ ഡി എം, കേരള ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) എന്നിവയുടെ മാർഗനിർദേശങ്ങളും പിന്തുണയും കാലാവസ്ഥാ കേന്ദ്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി വരുന്ന അധ്യയന വർഷം കൂടുതൽ പൊതുവിദ്യാലയങ്ങളിൽ ഇവ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ നിലയങ്ങളുടെ പ്രവർത്തനം മാറുന്ന അന്തരീക്ഷ സന്തുലിതാവസ്ഥ മനസിലാക്കുന്നതിനും സ്കൂൾ കാലാവസ്ഥാ നിലയം സ്ഥാപിക്കുന്നതിലൂടെ പൊതുവിദ്യാലയങ്ങളുടെ പരിസരത്തെ കാലാവസ്ഥയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും കൃഷിക്ക് സഹായകരമായ ഇടപെടലുകൾക്കും സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷാ കേരള ഡയറക്ടർ ഡോ.സുപ്രിയ എ.ആർ സ്വാഗതം പറഞ്ഞു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ.ഡാനിയേൽ സ്കൂൾ വെതർ സ്റ്റേഷൻ മാർഗരേഖ പ്രകാശനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുമാരി സി.അമൃത, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ.നജീബത്ത്, ആർ.ഡി.ഡി (ഹയർ സെക്കൻഡറി) ലിസി. ജെ, വി.എച്ച്.എസ്.ഇ അസിസ്റ്റൻറ് ഡയറക്ടർ ചിത്ര ഒ.എസ്,എസ്. എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ എ.കെ, ഡി.പി.സി അനിത എച്ച്.ആർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ജെആർസി അംഗങ്ങളും പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷീജ നന്ദിയും പറഞ്ഞു.