സ്കൂളുകളിലും അങ്കണവാടികളിലും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്താൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി നിർദ്ദേശം നൽകി. സ്കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം തയ്യാറാക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ശുചിത്വം ശരിയായി പാലിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും തുറന്നിടരുതെന്നും ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലം കൊട്ടാരക്കരയിലെ അങ്കണവാടിയിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അങ്കണവാടിയിൽ പുഴുബാധയേറ്റ അരി കണ്ടെത്തിയത്. കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കൽ അങ്കണവാടിയിലാണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നാലു കുട്ടികൾ ചികിത്സ തേടി.
അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ച ശേഷമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് പുഴുബാധയുള്ള അരി കണ്ടെത്തിയത്. ഇതേതുടർന്ന് കൊട്ടാരക്കര ചെയർമാൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ രക്ഷിതാക്കൾ പ്രതിഷേധത്തിലാണ്.