ന്യൂഡല്‍ഹി: 35 രൂപയ്ക്ക് ഇന്ത്യൻ റെയിൽവേയുമായി അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിൽ ഒടുവിൽ ജയിച്ച് രാജസ്ഥാൻ സ്വദേശി. എഞ്ചിനീയറും കോട്ട സ്വദേശിയുമായ സുജീത് സ്വാമിയാണ് 35 രൂപ തിരികെ ലഭിക്കുന്നതിനായി അഞ്ച് വർഷം റെയിൽവേയുമായി പോരാടിയത്. ഇതിനായി 50 ഓളം വിവരാവകാശ രേഖകൾ അദ്ദേഹം സമർപ്പിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
2017 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയിൽ നിന്ന് ൻയൂഡൽഹിയിലേക്കുള്ള ഗോൾഡൻ ടെമ്പിൾ മെയിൽ ട്രെയിനിലാണ് 30 കാരനായ സ്വാമി ടിക്കറ്റ് ബുക്ക് ചെയ്തത്. ജൂലൈ രണ്ടിനായിരുന്നു യാത്രയുടെ തീയതി. എന്നാൽ, സ്വാമി യാത്ര മാറ്റിവയ്ക്കുകയും ടിക്കറ്റ് റദ്ദാക്കുകയും ചെയ്തു. എന്നാൽ 765 രൂപയുടെ ടിക്കറ്റ് റദ്ദാക്കിയപ്പോൾ 665 രൂപ മാത്രമാണ് റീഫണ്ടായി ലഭിച്ചത്.
65 രൂപയ്ക്ക് പകരം 100 രൂപയാണ് ഇയാളിൽ നിന്ന് റെയിൽവേ നികുതിയായി വാങ്ങിയത്. തുടർന്ന് വിവരാവകാശ നിയമപ്രകാരം സ്വാമി അന്വേഷണം നടത്തി. 35 രൂപ സേവനനികുതിയായി ഈടാക്കിയെന്നാണ് മറുപടി. എന്നിരുന്നാലും, അദ്ദേഹം ടിക്കറ്റ് റദ്ദാക്കിയപ്പോൾ, ജിഎസ്ടി നിലവിൽ വന്നില്ല. ജൂലൈ ഒന്നിനാണ് രാജ്യത്ത് ജിഎസ്ടി നിലവിൽ വന്നത്. തുടർന്ന് 35 രൂപ തിരികെ ലഭിക്കാൻ സ്വാമി റെയിൽവേയുമായി പോരാടി.