കോട്ടയം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങൾക്കിടെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പിപ്പിടി കാണിച്ചാലോന്നും ഏശില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്ത് കേസ് പരാമർശിക്കാതെയാണ് കോട്ടയത്ത് കെജിഒഎ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരോക്ഷ പ്രതികരണം. ഭയപ്പെടുത്താനുള്ള ശ്രമം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ഇതൊക്കെ കണ്ട് അങ്ങ് ഇളകിക്കളയും എന്നാണ് കരുതുന്നതെങ്കില്‍ അതിന് വേറെ ആളെ നോക്കണം. ജനങ്ങളെ പൂര്‍ണ വിശ്വാസമുണ്ട് അവര്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. നവകേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനുളള തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സ്വന്തം വിശ്വാസ്യതയ്ക്ക് ചേരുന്ന തരത്തിലാണോ കാര്യങ്ങളെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരും തിരുത്താന്‍ വരില്ലെന്നും സ്വയം തിരുത്തിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
“2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നുണകളുടെ കുത്തൊഴുക്കും വലിയ സംഘാടനവും ഉണ്ടായി. അധികാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവരും കേന്ദ്ര ഏജൻസികളും ഒത്തുചേർന്നു. പ്രാദേശിക മാധ്യമങ്ങളിലെ വലിയൊരു വിഭാഗവും ഇതിൽ പങ്കുചേർന്നു. എൽ.ഡി.എഫ് അവസാനിച്ചുവെന്നാണ് അവർ കരുതിയത്. എന്നാൽ അവർ ഇതെല്ലാം കേരളത്തിലെ ജനങ്ങളോടാണ് പറഞ്ഞതെന്നും, എല്ലാ ഘട്ടങ്ങളും കഴിഞ്ഞ് വന്ന ജനങ്ങൾ എൽഡിഎഫ് സർക്കാരിനെ മനസ്സിലാക്കിയെന്നും” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.