ലണ്ടൻ: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിൽ കുറ്റകരമായ അനാസ്ഥ ആരോപിച്ച് എട്ടുപേരെ വിചാരണ ചെയ്യാൻ അർജന്റീന കോടതി ഉത്തരവിട്ടു. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മറഡോണയെ മരണത്തിന് മുമ്പ് ചികിത്സിച്ച ന്യൂറോ സർജൻ ലിയോപോൾഡ് ലൂക്ക് ഉൾപ്പെടെ എട്ട് പേർക്കെതിരെ നേരത്തെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു.
മറഡോണയുടെ ചികിത്സയിൽ പോരായ്മകളും വീഴ്ചകളും മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനെ തുടർന്നാണ് കുറ്റകരമായ നരഹത്യക്ക് വിചാരണ നടത്താൻ കോടതി ഉത്തരവിട്ടത്. 12 മണിക്കൂറോളം വേദനയുടെ ലക്ഷണങ്ങൾ കാണിച്ച മറഡോണയ്ക്ക് മതിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും മെഡിക്കൽ ബോർഡ് പ്രോസിക്യൂട്ടർമാർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ച് ഈ കുറ്റകൃത്യത്തിന് എട്ട് മുതൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഹൃദയാഘാതത്തെ തുടർന്ന് 2020 നവംബർ 25 ന് 60-ാം വയസ്സിൽ മറഡോണ അന്തരിച്ചു.ഇതിന്റെ രണ്ടാഴ്ച മുമ്പാണ് മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.