Spread the love

പട്ടാമ്പി: ദേശാടന പക്ഷിയായ തേൻകൊതിച്ചി പരുന്ത് (ഹണി ബസാർഡ്) നിള തടത്തിൽ വിരുന്നെത്തി. സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, പടിഞ്ഞാറൻ റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രജനനം നടത്തുന്ന യൂറോപ്യൻ ഹണി ബസാർഡ് തൃത്താലയിലെ ഭാരതപ്പുഴയ്ക്കടുത്തുള്ള നിള തടത്തിലെ നെൽവയലിലാണ് എത്തിയത്.

പേര് സൂചിപ്പിക്കുന്നത് പോലെ, അവ തേനീച്ചക്കൂടുകളിൽ നിന്നാണ് ഭക്ഷണം ശേഖരിക്കുന്നത്. ആകാശത്ത് വട്ടമിട്ടു പറന്ന ഇതിനെ കണ്ടെത്തിയത് പക്ഷിശാസ്ത്രജ്ഞനായ ഷിനോ ജേക്കബ് കൂറ്റനാട് ആണ്. അവ ചെറിയ ജീവികളെയും ഭക്ഷിക്കുന്നു. ശൈത്യകാലത്ത് യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും ദേശാടനം നടത്തും. കേരളത്തിൽ ഈ പക്ഷി നേരത്തെ കാസർഗോഡ് ജില്ലയിൽ എത്തിയിരുന്നു.

തൃത്താലയിൽ കണ്ട പക്ഷിയെ സോഷ്യൽ മീഡിയയിലൂടെ അഖിലേന്ത്യാ പക്ഷിനിരീക്ഷകരുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞതെന്ന് ഷിനോ ജേക്കബ് പ്രതികരിച്ചു. പക്ഷിനിരീക്ഷണത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ബേഡ് കൗണ്ട് ഇന്ത്യയുടെ 2021 ലെ ഏറ്റവും അധികം നിരീക്ഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിന് ഷിനോ ജേക്കബിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. അതേസമയം, തൃത്താല മേഖലയിൽ എത്തിയ ദേശാടനപ്പക്ഷികളുടെ എണ്ണം 246 ആയി.

By newsten