Spread the love

റിയാദ്: പാർക്കിലെ ജലാശയത്തിൽ അപകടത്തിൽപെട്ട അഞ്ച് വയസ്സുകാരിയെ രക്ഷപ്പെടുത്തി സൗദി പൗരൻ. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ജുബൈലിലെ അൽ-തിലാൽ പാർക്കിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് കുട്ടി കുളത്തിൽ വീണത്. സമീപമുണ്ടായിരുന്ന അലി അൽ-മാരി എന്ന യുവാവ് സമയം പാഴാക്കാതെ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.

സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ യുവാവിന്റെ ധീരതയെ പ്രശംസിച്ചുള്ള അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. കുടുംബസമേതം പാർക്കിൽ എത്തിയതായിരുന്നു അദ്ദേഹം. കുട്ടി അപകടത്തിൽപ്പെട്ടപ്പോൾ സഹായത്തിനായി വിളിച്ച സ്ത്രീകളുടെ ശബ്ദം കേട്ട് അലി അൽ-മാരി വെള്ളത്തിലേക്കെടുത്തു ചാടുകയും, കുട്ടിയെ ചേർത്ത് പിടിച്ചു രക്ഷപെടുത്തുകയും ചെയ്തു.

പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയെ രക്ഷപെടുത്തുന്നതിനിടയിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. എന്നാൽ മരണത്തിൽ നിന്ന് ഒരു ജീവൻ രക്ഷിക്കുന്നതിനിടയിൽ താൻ പരിക്കുകളൊന്നും സാരമാക്കിയില്ലെന്നും,മാനുഷിക മൂല്യങ്ങൾക്കാണ് പ്രാധാന്യം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

By newsten