Spread the love

ഷാർജ: കെട്ടിടത്തിന്‍റെ പതിമൂന്നാം നിലയിലെ ജനാലയിൽ തൂങ്ങിക്കിടന്ന അഞ്ച് വയസുകാരനെ രക്ഷിക്കാൻ സഹായിച്ച വാച്ച്മാനെയും വഴിയാത്രക്കാരനെയും ആദരിച്ച് ഷാർജ പൊലീസ്. എമിറേറ്റിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ കാവൽക്കാരനും നേപ്പാൾ സ്വദേശിയുമായ മുഹമ്മദ് റഹ്മത്തുള്ളയെയും വഴിയാത്രക്കാരനായ ആദിൽ അബ്ദുൽ ഹഫീസിനെയുമാണ് ഷാർജ പൊലീസ് മേധാവിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ആദരിച്ചത്. ഇരുവരും പ്രവാസികളാണ്.

കെട്ടിടത്തിന്‍റെ അടുത്ത് കൂടി നടന്നുപോകുമ്പോഴാണ് ആദിൽ അബ്ദുൾ ഹഫീസ് ഉയർന്ന നിലയിലെ ഫ്ലാറ്റിന്റെ ജനാലയിൽ അപകടകരമായി തൂങ്ങിക്കിടന്ന കുട്ടിയെ ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ മുഹമ്മദ് റഹ്മത്തുള്ളയെ വിവരമറിയിക്കുകയും ഇരുവരും അപ്പാർട്ട്മെന്‍റിലേക്ക് ഓടിയെത്തുകയും ചെയ്തെങ്കിലും ഫ്ലാറ്റ് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. ഇയാളുടെ അനുവാദത്തോടെ വാതിൽ ചവിട്ടിപ്പൊളിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

By newsten