Spread the love

കണ്ണൂർ: കൊച്ചി മുനമ്പത്ത് നിന്ന് 20 ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് കടലില്‍ മുങ്ങി. കണ്ണൂരില്‍നിന്ന് 67 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഷൈജ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള എട്ട് പേരും അസമില്‍നിന്നുള്ള അഞ്ച് പേരുമാണ് ബോട്ടിലുണ്ടായിരുന്നത്.

ബോട്ടിന്റെ എഞ്ചിൻ കേടായിരുന്നുവെങ്കിലും കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത് വച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. ബോട്ടിന്റെ അടിവശത്തുണ്ടായിരുന്ന ദ്വാരത്തിലൂടെ വെള്ളം കയറിയതാണ് അപകടകാരണം എന്നാണ് തൊഴിലാളികള്‍ പറയുന്നത്. ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞതോടെ, ഇക്കാര്യം ഹാംറോഡിയോ ഓപ്പറേറ്റര്‍ റോണി പൊലീസിനെ അറിയിച്ചു. തുടർന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

മദര്‍ ഇന്ത്യ എന്ന ബോട്ടിന്റെ സഹായത്തോടെയാണ് അഴീക്കല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 3 മണിക്കൂറിനുള്ളില്‍ ബോട്ടിനടുത്തെത്തിയ മദര്‍ ഇന്ത്യയിലെ തൊഴിലാളികള്‍ കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു.

By newsten