ബെംഗളൂരു: ചില തീരുമാനങ്ങൾ ആദ്യം മോശമാണെന്ന് തോന്നുമെങ്കിലും പിന്നീട് അവ രാഷ്ട്രനിർമ്മാണത്തിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനയിലേക്ക് റിക്രൂട്ട്മെന്റിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
“പല തീരുമാനങ്ങളും ഇപ്പോൾ മോശമായി തോന്നും. കാലക്രമേണ, ആ തീരുമാനങ്ങൾ രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കും,” അഗ്നിപഥ് പദ്ധതിയുടെ പേര് പറയാതെ പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ 28,000 കോടി രൂപയുടെ റെയിൽ , റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
“40 വർഷം മുമ്പ് ചെയ്യേണ്ടിയിരുന്ന വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എനിക്ക് അവസരം ലഭിച്ചു. അന്ന് ഈ ജോലികൾ ചെയ്തിരുന്നെങ്കിൽ ബെംഗളൂരുവിന്റെ ദുരിതം വർദ്ധിക്കില്ലായിരുന്നു. അതിനാൽ എന്റെ സമയം പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഓരോ നിമിഷവും ജനങ്ങളെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.