ന്യൂഡൽഹി: ജി.എസ്.ടി വിവാദത്തിൽ പാർലമെന്റിൽ പ്രതിരോധവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടിട്ടില്ലെന്നും നിർമല പറഞ്ഞു. യുപിഎ സർക്കാരിന്റെ അവസാന ആറ് മാസത്തെ വിലയുമായി നിലവിലെ വിപണി വില താരതമ്യം ചെയ്താൽ അത് മനസ്സിലാകുമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. ജി.എസ്.ടി കുടുംബങ്ങൾക്ക് ബാധ്യത സൃഷ്ടിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ജി.എസ്.ടിയെ കുറിച്ചുള്ള ചില ഊഹാപോഹങ്ങളും മന്ത്രി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ചെക്ക് ബുക്കുകൾക്ക് ജിഎസ്ടി ഈടാക്കുന്നില്ല. ശ്മശാനത്തിനും ആശുപത്രി കിടക്കകൾക്കും ജിഎസ്ടി ഉണ്ടാകില്ലെന്ന് അവർ പറഞ്ഞു. പ്രിന്റിംഗ് സ്ഥാപനങ്ങളിൽ നിന്ന് ബാങ്കുകൾ ചെക്ക് ബുക്കുകൾ വാങ്ങുമ്പോൾ മാത്രമേ ജിഎസ്ടി ഈടാക്കൂ. ഇത് ഉപഭോക്താക്കളെ ബാധിക്കില്ല. പുതിയ ശ്മശാനങ്ങൾ നിർമ്മിക്കുമ്പോൾ ജി.എസ്.ടി ചുമത്തും. 5,000 രൂപയ്ക്ക് മുകളിൽ ദിവസവാടകയുള്ള ആശുപത്രി മുറികൾക്ക് മാത്രമായിരിക്കും ജിഎസ്ടി ഈടാക്കുക. ആശുപത്രി കിടക്കകൾക്ക് ഇത് ബാധകമല്ല.