Spread the love

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിരുദ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവ് നിലവിലുള്ള അധ്യാപക തസ്തികകൾക്ക് ഭീഷണിയാകും. പുതിയ നിയമനങ്ങളെയും ഇത് ബാധിക്കും. എയ്ഡഡ് കോളേജ് അധ്യാപകരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക.

ഈ സ്ഥിതി തുടർന്നാൽ എയ്ഡഡ് സ്കൂളുകളിലെന്നപോലെ എയ്ഡഡ് കോളേജുകളിലും അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ സംരക്ഷണ സംവിധാനം ഏർപ്പെടുത്തേണ്ടി വരും. പ്ലസ് ടുവിന് ശേഷം പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതും ഉന്നത വിദ്യാഭ്യാസവും ജീവിതവും തേടി സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് പുതുതലമുറ കുടിയേറുന്നതുമാണ് കുട്ടികളുടെ കുറവിന് കാരണം.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് വിദ്യാർത്ഥികൾ ഗണ്യമായി കുറയുന്നത്. കേരള, കാലിക്കറ്റ്, എം.ജി. സർവകലാശാലകളിലായി ഫിസിക്സിന് മാത്രം 1102, കെമിസ്ട്രി-988, കണക്ക്-1491 സീറ്റുകളിൽ കുട്ടികളില്ല. സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെ ഇത് സാരമായി ബാധിക്കും. പ്രാക്ടിക്കലിന് വിഷയങ്ങൾക്കനുസരിച്ച് 16-19 വിദ്യാർഥികളെയാണ് ഒരു ബാച്ചായി ജോലിഭാരം കണക്കാക്കുന്നതിന് കൂട്ടുന്നത്. ജോലിഭാരത്തിലെ കുറവ് തസ്തികയെയും ബാധിക്കും.

By newsten