മേലാറ്റൂര്‍: കാഴ്ച വൈകല്യത്തെ അതിജീവിച്ച് പഠനത്തിലും,സംഗീതത്തിലും വിസ്മയം തീർക്കുന്ന പ്ലസ്ടു വിദ്യാർത്ഥി ടി.കെ. ഫാത്തിമ അൻഷിക്ക് ശ്രേഷ്ഠ ദിവ്യാംഗ് ബാലികാ പുരസ്കാരം നൽകി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം ആദരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പൂർണ്ണമായും കമ്പ്യൂട്ടറിന്റെ സഹായത്തോടെ എഴുതുകയും സമ്പൂർണ എ പ്ലസ് നേടി ചരിത്രമെഴുതുകയും ചെയ്ത അൻഷി സംസ്ഥാന സർക്കാരിന്റെ പ്രഥമ ഉജ്ജ്വല ബാല്യം പുരസ്കാരത്തിനും അർഹയായിട്ടുണ്ട്.
ഉൾകാഴ്ചയുടെ വെളിച്ചത്തിൽ പഠനത്തിലും സംഗീതത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അൻഷി,നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും,പഠനവിഷയങ്ങളിലും ഒരുപോലെ ശ്രദ്ധയർപ്പിച്ചതിനാണ് അൻഷിയെ തേടി ഈ വലിയ പുരസ്കാരമെത്തിയിരിക്കുന്നത്.