Spread the love

തങ്ങളുടെ മക്കളെ അവരുടെ മാതാപിതാക്കളെക്കാൾ നന്നായി അറിയുന്നവർ കുറവായിരിക്കും. ഓരോ മാതാപിതാക്കളും അവരുടെ ജീവിതം, ആരോഗ്യം, സമ്പാദ്യം, സമയം എന്നിവ ഓരോ നിമിഷവും മക്കളുടെ ജീവിതം മികച്ചതാക്കാനാണ് ചെലവഴിക്കുന്നത്. അതിനി കൂലിപ്പണിക്കാരന്‍ ആയാലും ശരി, കോടീശ്വരന്‍ ആയാലും ശരി. ദിവസക്കൂലിക്കാരനായ ഒരു പിതാവ് തന്‍റെ ഭിന്നശേഷിക്കാരിയായ മകൾക്കുവേണ്ടി എന്തു ചെയ്തുവെന്നത് അത്ഭുതം ഉളവാക്കുന്ന കാര്യമാണ്. മകൾക്ക് സ്വന്തമായി ഭക്ഷണം കഴിക്കാൻ ആ പിതാവ് ഒരു റോബോട്ടിനെ തന്നെ നിർമ്മിച്ചു.

ബെതോഡ പോണ്ഡയിലെ ഒരു ടെക് കമ്പനിയിൽ ദിവസ വേതനക്കാരനായി ജോലി ചെയ്യുന്ന ബിബിൻ കദം തന്‍റെ ഭിന്നശേഷിക്കാരിയായ മകൾ പ്രജക്തയ്ക്ക് വേണ്ടിയാണ് റോബോട്ട് നിർമ്മിച്ചത്. ആരുടെ മുന്നിലും നിസ്സഹായയാകാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ മകളെ സഹായിക്കാനാണ് റോബോട്ട് നിർമ്മിക്കാൻ ബിബിൻ തീരുമാനിച്ചത്. 

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ ജോലിക്ക് പോയ ആളാണ് ബിബിൻ. ക്രെയിൻ സ്പെയർ പാർട്സുകളുടെ 3ഡി മൗള്‍ഡുകള്‍ നിർമ്മിക്കുന്ന ബെതോഡ പോണ്ഡയിലെ ഒരു കമ്പനിയിൽ ദിവസക്കൂലിക്കാരനായാണ് അദ്ദേഹം ജോലി ചെയ്യുന്നത്. എഞ്ചിനീയർ അല്ലെങ്കിലും, അദ്ദേഹത്തിന് യന്ത്രങ്ങളിലും അതിന്‍റെ സാങ്കേതികവിദ്യയിലും വലിയ താൽപര്യമുണ്ട്. ദിവസം 12 മണിക്കൂർ ജോലി ചെയ്ത ശേഷം, കിടപ്പിലായ ഭാര്യ, അംഗവൈകല്യമുള്ള മകൾ, മകൻ എന്നിവരുള്ള വീട്ടിലെത്തിയാണ് അദ്ദേഹം റോബോട്ട് നിര്‍മാണ ജോലികള്‍ ചെയ്തത്. ആറു മാസമെടുത്താണ് ഇത് നിർമ്മിച്ചത്. പഴയ വസ്തുക്കളും ഉപയോഗശൂന്യമായ സാധനങ്ങളും ഉപയോഗിച്ച് ഈ റോബോട്ട് നിർമ്മിക്കാൻ അദ്ദേഹത്തിന് 15,000 രൂപയാണ് ചിലവ് വന്നത്. 

By newsten