തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സ്റ്റാൻഡിംഗ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. തിരുവനന്തപുരം കാട്ടാക്കടയിൽ വച്ച് ആമച്ചൽ സ്വദേശി പ്രേമനെ മകളുടെ മുന്നിൽവച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു. വിദ്യാർത്ഥിനിയായ മകളുടെ സൗജന്യ യാത്രയെച്ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.
കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനോട് ഗതാഗത മന്ത്രി ആന്‍റണി രാജു അടിയന്തര റിപ്പോർട്ട് തേടി. ഓഫീസിലെത്തിയ ആളെ പൊലീസിന് കൈമാറാൻ മാത്രമാണ് ജീവനക്കാർ ശ്രമിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം. എന്നാല്‍ പുറത്തു വന്ന മൊബൈൽ ദൃശ്യങ്ങളിൽ പെണ്‍കുട്ടികളുടെ മുന്നിൽ വച്ച് മര്‍ദ്ദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആര്‍ടിസി ജീവനക്കാരോട് പറയുന്നതും കേൾക്കാം.
വിദ്യാർത്ഥിനിയായ മകളുടെ കൺസെഷൻ ടിക്കറ്റ് പുതുക്കാൻ കെ.എസ്.ആർ.ടി.സിയുടെ കാട്ടാക്കട ഡിപ്പോയിൽ എത്തിയതായിരുന്നു ആമച്ചൽ സ്വദേശി പ്രേമൻ. കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം മാത്രമേ കൺസഷൻ ടിക്കറ്റ് പുതുക്കുകയുള്ളൂവെന്ന് ജീവനക്കാർ ഓഫീസിൽ നിന്ന് പ്രേമനോട് പറഞ്ഞു. ഒരു മാസം മുൻപ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ പറഞ്ഞു. അത് തീരുമാനിക്കേണ്ടത് നിങ്ങളാണോ എന്ന് ജീവനക്കാർ തിരികെ ചോദിച്ചപ്പോൾ, ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാകുകയും കാര്യങ്ങൾ കയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.