ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയിലെ അവ്യക്തതകൾ കേരള സർക്കാർ ഇനിയും നീക്കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്കായി ബദൽ നിർദ്ദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.
അതിവേഗ റെയിൽ ഗതാഗതം അനിവാര്യമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. സിൽവർ ലൈൻ വിഷയത്തിൽ ഡി.പി.ആർ അപര്യാപ്തതകൾ സംബന്ധിച്ച കത്തിടപാടുകൾ നടക്കുന്നുണ്ടെന്ന് സംയുക്തമായി മാധ്യമങ്ങളെ കണ്ട മന്ത്രിമാർ വിശദീകരിച്ചു. നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉൾപ്പെടെ കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വി മുരളീധരൻ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.