Spread the love

റോം: ജോർജിയ മെലോനി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സഖ്യമാണ് അധികാരത്തിലേറുന്നത്. മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്‌ക്കുന്ന പാർട്ടിയാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. ഇന്ന് വൈകുന്നരേത്തോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക. 22 മുതൽ 26 ശതമാനം വരെ വോട്ടുകൾ നേടി മെലോനി വിജയിക്കുമെന്നാണ് പ്രവചനം. തീവ്രവലതുപക്ഷ നിലപാടുകാരിയായ മെലോനി വിജയിച്ചാൽ യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. 2018ൽ കേവലം നാല് ശതമാനം വോട്ട് മാത്രമാണ് മെലോനിയുടെ പാർട്ടിക്ക് ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ എണ്ണുന്ന വോട്ടുകളുടെ പ്രൊജക്ഷൻ വച്ചിട്ടാണ് ഇറ്റലിയിലെ എക്‌സിറ്റ് പോളുകൾ തയ്യാറാക്കുന്നത്. അതുകൊണ്ട് എക്‌സിറ്റ് പോളുകളിൽ ഇതുവരെ പിഴവ് സംഭവിച്ചിട്ടില്ല. ഇതാണ് മൊലോനിയുടെ വിജയം നേരത്തെ തന്നെ ഉറപ്പിക്കുന്നതിനുള്ള പ്രധാന കാരണവും. നാല് ശതമാനത്തിൽ നിന്ന് 26 ശതമാനം വോട്ടിലേക്ക് മെലോനിയുടെ പാർട്ടി എത്തുമ്പോൾ അത് യൂറോപ്പിലാകെ ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്. തങ്ങളുടെ പ്രത്യയശാസ്ത്രം എന്താണ് എന്നുള്ളത് തിരഞ്ഞെടുപ്പ് കാലത്ത് മെലോനി വളരെ വ്യക്തമായി തന്നെ വോട്ടർമാരോട് പറഞ്ഞിരുന്നു. ‘എൽജിബിടിക്കൊപ്പമല്ല, യഥാർത്ഥ കുടുംബങ്ങൾക്കൊപ്പമാണ്. ആണും പെണ്ണും എന്ന യാഥാർത്ഥ്യത്തിനൊപ്പമാണ്. ലൈംഗീക ന്യൂനപക്ഷവാദത്തിനൊപ്പമല്ല. ഇസ്ലാമിക ഭീകരർക്കൊപ്പമല്ല. ഈ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കൊപ്പമാണ്. കുടിയേറ്റക്കാർക്കൊപ്പമല്ല, ഈ നാട്ടിലെ പൗരന്മാർക്കൊപ്പമാണ്. ആഗോള സാമ്പത്തിക ആശങ്കകൾക്കൊപ്പമല്ല, ഇറ്റലിയുടെ സാമ്പത്തിക ഭദ്രതയ്‌ക്കൊപ്പമാണ്. ‘ ഇതാണ് തിരഞ്ഞെടുപ്പുകാലത്തെ ഒരു പ്രസംഗത്തിനിടെ മെലോനി പറഞ്ഞത്. ഈ കാഴ്ചപ്പാടുകളാണ് യൂറോപ്പിനെ ആശങ്കയിലാക്കുന്നതും. കുടിയേറ്റ നയങ്ങളിൽ അടക്കം മാറ്റമുണ്ടാകുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പല വിദേശരാജ്യങ്ങളിലും വലിയ ആശങ്കയ്‌ക്ക് കാരണമാകുന്നുണ്ട്.

By newsten