കൽപ്പറ്റ: വയനാട്ടിൽ കൽപ്പറ്റ ബൈപ്പാസ് റോഡ് നിർമാണം പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് നടപടിക്ക് നിർദ്ദേശം നൽകിയത്. കെ.ആർ.എഫ്.ബി അസി. എഞ്ചിനീയർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ ആണ് സസ്പെൻഡ് ചെയ്തത്. കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടറോടും എക്സിക്യൂട്ടീവ് എൻജിനീയറോടും വിശദീകരണം തേടാനും തീരുമാനമായി.
തകർന്ന റോഡിന്‍റെ പുനർനിർമ്മാണത്തിലെ കാലതാമസം യാത്രക്കാർക്ക് വലിയ പ്രശ്നമായിരുന്നു. കൽപ്പറ്റ ബൈപ്പാസ് രണ്ട് വർഷം മുമ്പ് ഈറോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎസ് ഡെവലപ്മെന്‍റ് കമ്പനിയാണ് ഏറ്റെടുത്തത്. നിർമ്മാണം ഇഴഞ്ഞുനീങ്ങിയതിനാൽ ആറുമാസത്തിനകം പണി പൂർത്തിയാക്കിയില്ലെങ്കിൽ കരാർ റദ്ദാക്കുമെന്നും കരിമ്പട്ടികയിൽ പെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല.