കൊച്ചി: ശബരിമലയിലെ മണ്ഡലകാലത്തിനും മകരവിളക്കിനും മുന്നോടിയായുള്ള ട്രാൻസിറ്റ് പോയിന്റുകളിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ക്ഷേത്ര ഉപദേശക സമിതികൾ ദേവസ്വം ഉദ്യോഗസ്ഥർക്ക് ആവശ്യമായ സഹായം നൽകണം.
ട്രാൻസിറ്റ് പോയിന്റുകളിൽ ഭക്തർക്ക് ഒരുക്കിയ സൗകര്യങ്ങൾ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ പരിശോധിക്കണം. ഗുരുവായൂർ ക്ഷേത്രത്തിലെ സൗകര്യങ്ങളും ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ വിലയിരുത്തണം. ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായാൽ സ്പെഷ്യൽ കമ്മീഷണർ മുഖേന കോടതിയെ അറിയിക്കാനും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകൾക്ക് കീഴിൽ 59 ട്രാൻസിറ്റ് ക്യാമ്പുകളുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക സൗകര്യങ്ങളും ഒരുക്കും. കെട്ടുകൾ നിറയ്ക്കാനും മാലയിടാനും ഗുരുവായൂരിൽ സൗകര്യമുണ്ടാകുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.