Spread the love

ഉത്സവ പറമ്പിലും മറ്റും കാണുന്ന ഒരു സാഹസികതയാണ് മരണ കിണറിലെ അഭ്യാസം. പുരുഷന്മാർ ആണ് സാധാരണ ഈ അഭ്യാസം ചെയ്യാറുള്ളത്. എന്നാൽ ഒരു ഹെൽമറ്റ് പോലും ഇല്ലാതെ, പഴയൊരു മോഡൽ ബൈക്കിൽ കൂളായി ഇരുന്ന് സാഹസികപ്രകടനം നടത്തുകയാണ് മഹാരാഷ്ട്ര സ്വദേശിയായ കശിശ് സുൽത്താൻ ഷെയ്ഖ്.
പലകകൾ കൊണ്ട് കെട്ടിപ്പൊക്കിയ മരണക്കിണറിൽ ചീറിപ്പാഞ്ഞു പോകുന്ന കാറിനും മറ്റൊരു ബൈക്കിനും സമാന്തരമായി കശിശ് ബൈക്കോടിക്കുകയാണ്. കശിശ് ജനിച്ചതും വളർന്നതും മഹാരാഷ്ട്രയിലാണ്. കഞ്ചൻ എന്നായിരുന്നു ആദ്യ പേര്. വിവാഹശേഷമാണ് പേര് മാറ്റിയത്. ഒരു ദിവസം യുവതി താമസിക്കുന്നിടത്തു ഒരു മേളയെത്തി. മരണക്കിണറിലെ ബൈക്കഭ്യാസമായിരുന്നു മേളയുടെ പ്രധാന ആകർഷണം.മരണക്കിണറിൽ ബൈക്കോടിച്ചിരുന്ന യുവാവിന്റെ പ്രകടനം എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു കണ്ടപ്പോൾ കഞ്ചൻ നോക്കിയത് അയാളുടെ കണ്ണുകളിലേക്കായിരുന്നു. മരണക്കിണറിലെ സുൽത്താനോട് തോന്നിയ ഇഷ്ടം പ്രണയമായി. കഞ്ചൻ ബൈക്ക് റൈഡർ സുൽത്താൻ ഷെയ്ഖിന്റെ ജീവിതപാതിയായി.ഭർത്താവ് സുൽത്താൻ ഷെയ്ഖിനൊപ്പം സർക്കസ് കൂടാരങ്ങളിലായിരുന്നു കശിശിന്റെ പിന്നീടുള്ള ജീവിതം. പിന്നീടാണ് കാശിശ് ബൈക്ക് ഓടിക്കാനും മറ്റും പഠിച്ചത്. ഭർത്താവ് സുൽത്താനും സപ്പോർട്ട് വാഗ്ദാനം ചെയ്തതോടെ കശിശ് ബൈക്കെടുത്ത് മരണക്കിണറിലേക്ക് ഇറങ്ങി. ഇന്ത്യയിൽ മരണക്കിണറിൽ അഭ്യാസം നടത്തുന്ന വിരലിൽ എണ്ണാവുന്ന സ്ത്രീകളേയുള്ളൂ. അവരിൽ ഒരാളാവുകയെന്ന അപൂർവ നേട്ടത്തിലേക്കാണ് താൻ ബൈക്കോടിച്ചു കയറുന്നതെന്ന തിരിച്ചറിവൊന്നും കശിശിന് ഉണ്ടായിരുന്നില്ല. കുടുംബം, കുട്ടികൾ ഇത് മാത്രമേ ഈ യുവതിയുടെ മനസിൽ ഉണ്ടായിരുന്നുള്ളൂ..100 രൂപ ദിവസക്കൂലിക്ക് മരണക്കിണറിൽ ബൈക്കോടിപ്പിക്കാൻ തുടങ്ങിയ കശിശിന്റെ കീഴിൽ ഇപ്പോൾ രണ്ടു ബൈക്കുകളും രണ്ടു കാറുകളും അടങ്ങുന്ന സംഘം തന്നെയുണ്ട്. ദിവസക്കൂലിക്കാരിയിൽ നിന്ന് മുതലാളിയായി കശിശ് വളർന്നു. ദക്ഷണേന്ത്യയിലെ പല സ്ഥലങ്ങളിലും ഇതിനോടകം കശിശും സംഘവും മരണക്കിണർ പ്രകടനം നടത്തിയിട്ടുണ്ട്.

By newsten