വിയന്ന : ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന ലോകത്തിലെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. യുക്രേനിയൻ തലസ്ഥാനമായ കീവ് ഇത്തവണ ഏറ്റവും വാസയോഗ്യമായ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടില്ല. മോസ്കോയും സെൻ്റ് പീറ്റേഴ്സ്ബർഗും റാങ്കിംഗിൽ പിന്നിലാണ്. അതിന്റെ കാരണം സെൻസർഷിപ്പും യുക്രൈൻ അധിനിവേശവുമാണ്.
കഴിഞ്ഞ വർഷം ന്യൂസിലാന്റിലെ ഓക്ക്‌ലൻഡായിരുന്നു പട്ടികയിൽ ഒന്നാമതെത്തിയത്. എന്നാൽ പുതിയ പട്ടികയിൽ 34-ാം സ്ഥാനത്താണ് ഈ പട്ടണം. പ്രദേശത്തെ കൊവിഡ് നിയന്ത്രണങ്ങളാണ് ഓക്ലാൻഡിനെ പട്ടികയിൽ പിന്നോട്ട് ആക്കിയത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 12-ാം സ്ഥാനത്തായിരുന്നു വിയന്ന. 2018 ലും 2019 ലും വിയന്നയായിരുന്നു പട്ടികയിൽ ഒന്നാമത്.
പട്ടികയിലെ ആദ്യ പത്തിൽ ആറും യൂറോപ്യൻ നഗരങ്ങളാണ്. ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗൻ, സ്വിറ്റ്സർലൻഡ് നഗരമായ സൂറിച്ച് എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്വിറ്റ്സർലൻഡിലെ മറ്റൊരു പട്ടണമായ ജനീവ ആറാം സ്ഥാനത്താണ്. കാനഡയിലെ മൂന്ന് നഗരങ്ങളാണ് ആദ്യ പത്തിൽ ഇടംപിടിച്ചത്. കാൽഗറി സൂറിച്ചിനൊപ്പം മൂന്നാം സ്ഥാനവും വാൻകൂവർ അഞ്ചാം സ്ഥാനവും ടൊറന്റോ എട്ടാം സ്ഥാനവും പങ്കിടുന്നു. ജർമ്മൻ നഗരമായ ഫ്രാങ്ക്ഫർട്ട് ഏഴാം സ്ഥാനത്തും നെതർലാൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാം ഒൻപതാം സ്ഥാനത്തുമാണ്. ജാപ്പനീസ് നഗരമായ ഒസാക്കയും ഓസ്ട്രേലിയൻ നഗരമായ മെൽബണും പത്താം സ്ഥാനം പങ്കിടുന്നു.