ചെന്നൈ: വിവാഹമോചനത്തിന് ശേഷം പങ്കാളി തന്റെ മക്കളെ കാണാൻ വരുമ്പോൾ അതിഥിയായി കണക്കാക്കി നന്നായി പെരുമാറണമെന്ന് മദ്രാസ് ഹൈക്കോടതി. മക്കളുടെ മുന്നിൽ വച്ച് അച്ഛനും അമ്മയും തമ്മിൽ മോശമായി പെരുമാറുന്നത് കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി പറഞ്ഞു.
മകളെ കാണാൻ അനുമതി തേടി വിവാഹമോചിതനായ ഭർത്താവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ചെന്നൈയിലെ ഒരു പാർപ്പിട സമുച്ചയത്തിൽ അമ്മയോടൊപ്പം താമസിക്കുന്ന മകളെ സന്ദർശിക്കാൻ ഇതേ സമുച്ചയത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന പിതാവിന് ആഴ്ചയിൽ രണ്ട് ദിവസം വൈകുന്നേരങ്ങളിൽ കോടതി അനുമതി നൽകി. അച്ഛൻ കാണാൻ വരുമ്പോൾ ചായയും ഭക്ഷണവും നൽകണമെന്നും ഇരുവരും മകളോടൊപ്പം അത് കഴിക്കണമെന്നും ബാങ്ക് ജീവനക്കാരിയായ അമ്മയോട് കോടതി നിർദ്ദേശിച്ചു. 10 വയസുള്ള മകളുടെ മുന്നിൽ വച്ച് മോശമായി പെരുമാറിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കോടതി ഇവർക്ക് മുന്നറിയിപ്പ് നൽകി.
“വിവാഹമോചനം നേടിയ പങ്കാളിക്ക് മക്കളെ കാണാൻ വരുമ്പോൾ പലപ്പോഴും നല്ല പെരുമാറ്റം ലഭിക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വെറുപ്പിന്റെ വികാരം സ്വാഭാവികമായും കുട്ടികളുടെ മനസ്സിൽ പ്രവേശിക്കുന്ന ഒന്നല്ല. ഇത് കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നതാണ്. മാതാപിതാക്കൾ തമ്മിലുള്ള സ്നേഹപൂർവകമായ ബന്ധം ഓരോ കുട്ടിയുടെയും അവകാശമാണ്. മാതാപിതാക്കളിൽ ഒരാളെക്കുറിച്ച് മറ്റേയാള്‍ മക്കളുടെ മനസ്സില്‍ വിദ്വേഷം ജനിപ്പിക്കുന്നത് ബാലപീഡനമാണ്. ബന്ധം വേര്‍പെടുത്തിയയാളോട് സ്നേഹത്തോടെ പെരുമാറാൻ നിങ്ങൾക്ക് കഴിയില്ലെങ്കിലും, ഒരു അതിഥിയായി പരിഗണിക്കണം. അദിഥി ദേവോ ഭവ എന്ന ആശയത്തിന് അനുസൃതമായി അയാളോട് നന്നായി പെരുമാറണം” കോടതി പറഞ്ഞു.