തിരുവനന്തപുരം : ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്ന് വനം മന്ത്രി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
കേരള നിയമസഭയുടെ വനം-പരിസ്ഥിതി സബ്ജക്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുപുഴ വാർഡ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി മേഖലയിൽ റോഡ് നിർമ്മാണത്തിന് വനംവകുപ്പിന്റെ അനുമതി വാങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. ആനമുഖം മുതൽ ആരംഭിക്കുന്ന റോഡിന്റെ നവീകരണത്തിനു വനംവകുപ്പിന്റെ അനുമതി നൽകാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.