പരിസ്ഥിതി ലോല മേഖലകളിൽ സുപ്രീം കോടതി വിധിക്കെതിരെ സ്വീകരിച്ച നടപടിയിൽ സർക്കാരിന് ആശയക്കുഴപ്പമില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കർഷകരെ ആശങ്കപ്പെടുത്തുന്ന ഒന്നും സർക്കാർ ഏറ്റെടുക്കില്ല. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴികൾ ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗവും ചേരും.
ജനവാസമുള്ള പ്രദേശങ്ങളെ ഒഴിവാക്കണമെന്നാണ് കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് മുമ്പാകെ സ്വീകരിച്ച നിലപാട്. ആ നിലപാടുമായി ബന്ധപ്പെട്ട പ്രക്രിയ ഏതാണ്ട് പൂർത്തിയായി. ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഉത്തരവ് ലഭിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് അറിയിച്ചു. നിയമത്തിന്റെ വഴിയിലൂടെയും സർക്കാർ തലത്തിലുള്ള ഇടപെടലിലൂടെയും പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ ജനങ്ങളെയും സർക്കാരിനെയും ഭിന്നിപ്പിക്കാൻ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഉയരുന്ന വിവാദം അനാവശ്യമാണ്. കർഷകർക്ക് ഗുണകരമായ രീതിയിൽ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് സർക്കാർ നോക്കുന്നതെന്ന് വനം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.