Spread the love

രാജ്യത്തെ ഊർജ പ്രതിസന്ധി രൂക്ഷമായതോടെ ഇലക്ട്രിക് വാഹനങ്ങൾ വിലക്കാനൊരുങ്ങി സ്വിറ്റ്സർലൻഡ്. അവശ്യ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ഒഴികെയുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങളും മഞ്ഞ് കാലത്ത് വിലക്കാനുള്ള നീക്കത്തിലാണ് രാജ്യം. രാജ്യത്ത് കനത്ത മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിൽ സ്വിസ് അധികൃതർ അടിയന്തര പദ്ധതികൾ തയ്യാറാക്കിയതിന് പിന്നാലെയാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതുമായി സംബന്ധിച്ച വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കടകൾ തുറക്കുന്ന സമയത്തിലും കെട്ടിടങ്ങളിൽ ചൂടാക്കുമ്പോഴും ഉൾപ്പടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സൂചന. കെട്ടിടങ്ങൾ 20 ഡിഗ്രിയിലധികം ചൂടാക്കാൻ പാടില്ല. കണ്‍സേര്‍ട്ടുകളും, തിയേറ്ററുകൾ, സ്പോർട്സ് ഇവന്‍റുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. രാജ്യം പൂർണമായും ഇരുട്ടിലേക്ക് പോകുന്നത് തടയാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വേനൽക്കാലത്ത് അയല്‍രാജ്യത്ത് നിന്നും എത്തിക്കുന്നതിന് പുറമേ രാജ്യത്തെ ജലവൈദ്യുത നിലയങ്ങൾ പ്രവർത്തിപ്പിച്ചുമാണ് സ്വിറ്റ്സർലൻഡിന്‍റെ ഊർജ്ജ മേഖല പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, മഞ്ഞുവീഴ്ചയുള്ള സീസണിൽ, ഭൂരിഭാഗം വൈദ്യുതി നിലയങ്ങളും പൂർണ്ണമായും പ്രവർത്തനക്ഷമമല്ല. വൈദ്യുതി അയൽ രാജ്യങ്ങളിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് എത്തിക്കേണ്ടതുണ്ട്.

അതുകൊണ്ടാണ് രാജ്യം പൂർണ്ണമായും ഇരുട്ടിലേക്ക് പോകാതിരിക്കാനുള്ള മുൻകരുതൽ നടപടികളിലേക്ക് നീങ്ങുന്നത്. ഉക്രൈനിലെ റഷ്യയുടെ അധിനിവേശം യൂറോപ്പിലെ മിക്ക രാജ്യങ്ങളിലെയും വൈദ്യുതി, ഊർജ്ജ മേഖലയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. മുൻകരുതൽ നടപടികളെ അടിയന്തരാവസ്ഥ, ബുദ്ധിമുട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ക്രിസ്മസ് അവധിക്കാലം അടുക്കുന്നുണ്ടെങ്കിലും രാജ്യത്ത് വൈദ്യുതി അലങ്കാരത്തിനും നിരോധനമുണ്ട്. രാജ്യത്ത് ഖനന നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യം ഊർജ്ജ പ്രതിസന്ധി വളരെയധികം നേരിടുകയാണ്. 

By newsten