ന്യൂഡല്‍ഹി: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരിൽ 47 പേർക്ക് മാത്രമാണ് ഇനിയും നഷ്ടപരിഹാരം നൽകാൻ ബാക്കിയുള്ളതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ നഷ്ടപരിഹാരത്തിന് അർഹരായ 22 പേരെ ഇനിയും കണ്ടെത്താനുണ്ട്. മറ്റ് 25 പേരുടെ അപേക്ഷകൾ കളക്ടറേറ്റിലും വില്ലേജ് ഓഫീസിലും പരിശോധിച്ചുവരികയാണെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. ആകെ 3,714 പേർ നഷ്ടപരിഹാരത്തിന് അർഹരാണ്. ഇതിൽ 3,667 പേർക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി. ഇതിനായി 183.35 കോടി രൂപ വിതരണം ചെയ്തതായി സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. അപേക്ഷ നൽകിയ ബാക്കി 25 പേരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് അവശ്യചികിത്സയ്ക്കായി നൽകിയ ചികിത്സാ സൗകര്യങ്ങളുടെ വിശദാംശങ്ങളും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സുപ്രീം കോടതി അനുവദിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് കാസർകോട്ടെ എട്ട് ഇരകൾ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി ചീഫ് സെക്രട്ടറിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.