Spread the love

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ ആനമതിൽ നിർമാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആനമതിൽ ആവശ്യമില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തെറ്റാണെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വിഷയത്തിൽ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകണമെന്നും രാഷ്ട്രീയ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള പ്രായോഗിക പരിഹാരമാണ് ആനമതിലെന്നും എം.വി ജയരാജൻ കൂട്ടിച്ചേർത്തു.

ആറളത്ത് സുരക്ഷയില്ലെന്ന് ആദിവാസി പുനരധിവാസ മേഖലകളിലെ ജനങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിലാണ് ജയരാജന്‍റെ പ്രതികരണം. കഴിഞ്ഞ എട്ട് വർഷത്തിനിടെ ആറളത്ത് കാട്ടാനയുടെ ആക്രമണത്തിൽ 10 പേർക്കാണ് ജീവൻ നഷ്ടമായത്. ആദിവാസികളാണ് കൂടുതലും കാട്ടാനകളുടെ ആക്രമണത്തിന് ഇരയാകുന്നത്.

ഇന്നലെയും ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഏഴാം ബ്ലോക്കിലെ താമസക്കാരനായ പി എ ദാമു (45) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഫാമിൽ വ്യാപകമായ കാട്ടാന ആക്രമണമുണ്ടായി. ഫാമിന്‍റെ പാലപ്പുഴ ഗേറ്റിൽ സെക്യൂരിറ്റി ജീവനക്കാരന്‍റെ ബൈക്ക് കാട്ടാന ചവിട്ടിമെതിച്ചു. ജീവനക്കാരൻ രക്ഷപ്പെട്ടു. ഏഴാം ബ്ലോക്കിലെ കുടിലും കാട്ടാന നശിപ്പിച്ചു. ഈ സമയത്താണ് ദാമുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ആദിവാസി കുടുംബങ്ങൾ ശക്തമായി പ്രതിഷേധിക്കുകയാണ്.

By newsten