നമ്മുടെ രാജ്യത്തെ പച്ചക്കറി മാർക്കറ്റുകളിൽ പച്ചക്കറികൾ ചീത്തയായിതുടങ്ങിയാൽ വളരെ കേടുപാടുകൾ സംഭവിക്കുന്നതിനുമുമ്പ് ഏതെങ്കിലും വളർത്തുമൃഗത്തിന് നൽകുകയോ, നശിപ്പിക്കുകയോ ആണ് പതിവ്. എന്നാൽ ഹൈദരാബാദിലെ ഒരു മാർക്കറ്റിൽ ചീഞ്ഞളിഞ്ഞ പച്ചക്കറികൾക്ക് വലിയ മൂല്യമുണ്ട്.ഒരു വിപണിയെ മൊത്തത്തിൽ പ്രകാശിപ്പിക്കാനാവശ്യമായ വൈദ്യുതി ഉണ്ടാവുന്നത് ഈ ചീഞ്ഞ പച്ചക്കറികളിൽ നിന്നാണ്.ഹൈദരാബാദിലെ ബോവൻപള്ളി പച്ചക്കറി മാർക്കറ്റ് അല്ലെങ്കിൽ ഡോ.ബി.ആർ.അംബേദ്കർ വെജിറ്റബിൾ മാർക്കറ്റാണ് ഏവർക്കും പിന്തുടരാവുന്ന മാതൃക അവതരിപ്പിച്ചിരിക്കുന്നത്.
മാർക്കറ്റിൽ അവശേഷിക്കുന്ന എല്ലാ ജൈവ മാലിന്യയങ്ങളും ബയോഗ്യാസ് ആക്കി മാറ്റുന്നതാണ് ആദ്യപടി ശേഷം അതിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. മാർക്കറ്റിലെ എല്ലാ കടകളിലും ഈ വൈദ്യുതിയാണ് എത്തുന്നത്.നൂറോളം തെരുവ് വിളക്കുകൾ തെളിയുന്നതും ഈ വൈദ്യുതിയിലൂടെ തന്നെ.170ഓളം കടകളാണ് മാർക്കറ്റിലുള്ളത്
സുസ്ഥിരതയുടെ മികച്ച ഉദാഹരണമായി മാറുകയാണ് ബോവൻപള്ളി മാർക്കറ്റ്. ഒരു ദിവസം 10 ടൺ ജൈവമാലിന്യമാണ് വിപണിയിൽ ബാക്കിയാവുന്നത്. മറ്റെല്ലാവരും ചെയ്യുന്നത് പോലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ വലിച്ചെറിയുകയെന്നതായിരുന്നു ഏതാനും വർഷങ്ങൾക്ക് മുൻപുള്ള രീതി. എന്നാൽ ഇന്ന് അതേ മാലിന്യമാണ് ബയോഗ്യാസായും,വൈദ്യുതിയായും മാറുന്നത്. മാർക്കറ്റിൽ ബാക്കിയാവുന്ന പഴങ്ങൾ,പച്ചക്കറികൾ,പൂക്കൾ എന്നിവയുടെ ഓരോ ഗ്രാമും വൈദ്യുതിയും,ഇന്ധനവുമായി മാറുകയാണിവിടെ.