ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്കായി നീക്കിവച്ച തുകയെക്കുറിച്ചും അത് എങ്ങനെ കണ്ടെത്തുമെന്നും കമ്മീഷനെ അറിയിച്ച ശേഷം മാത്രമേ വോട്ടർമാർക്ക് ഉറപ്പ് നൽകാവൂ എന്നാണ് പുതിയ നിർദ്ദേശം. രാഷ്ട്രീയ പാർട്ടികളെ വോട്ടർമാരോട് കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നതിന്‍റെ ഭാഗമായാണ് നിയമം പരിഷ്കരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറെടുക്കുന്നത്.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എങ്ങനെ നിറവേറ്റുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് പുതിയ നിർദേശം. ഈ മാസം 19നകം ഇത് സംബന്ധിച്ച് കമ്മീഷനെ അറിയിക്കാനും നിർദേശമുണ്ട്. നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ നൽകി മാത്രമേ വോട്ടർമാരുടെ വിശ്വാസം തേടാവൂ എന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ പറയുന്നു. നിറവേറ്റപ്പെടാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പേരിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പ്രകടനപത്രിക തയ്യാറാക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ അവകാശമാണെന്ന കാഴ്ചപ്പാടിനോട് കമ്മിഷൻ തത്വത്തിൽ യോജിക്കുന്നു. എന്നിരുന്നാലും, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനും നിഷ്പക്ഷത നിലനിർത്താനും എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും നൽകിയ വാഗ്ദാനങ്ങളുടെ വിശദാംശങ്ങൾ തേടാതിരിക്കാൻ കഴിയില്ല.
ഇങ്ങനെ നൽകുന്ന വിവരങ്ങൾ കമ്മീഷൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം രഹസ്യമായി സൂക്ഷിക്കും. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും അവരുടെ വാഗ്ദാനങ്ങൾ സംരക്ഷിക്കേണ്ടതും അവയ്ക്ക് എങ്ങനെ ധനസഹായം നൽകാൻ പദ്ധതിയിടുന്നെന്ന് വിശദമാക്കേണ്ടതും ആണെങ്കിലും ആ വിവരങ്ങൾ പുറത്തുവിടില്ല. അത്തരം പ്രഖ്യാപനങ്ങൾ വോട്ടർമാരെ സ്വാധീനിക്കാൻ സഹായകമാകുമെന്നതിനാലാണ് വിവരങ്ങൾ പുറത്തുവിടാതിരിക്കുന്നത് എന്നും കമ്മീഷൻ പറയുന്നു. നൽകുന്ന വാഗ്ദാനങ്ങളുടെ പ്രയോജനം ലഭിക്കേണ്ടുന്ന ജനസംഖ്യ എത്ര, പദ്ധതിയുടെ ഫലമായി ഉണ്ടാവുന്ന സാമ്പത്തിക സൂചനകൾ എന്തൊക്ക, സാമ്പത്തിക സ്രോതസ്സുകളുടെ വിവരങ്ങൾ, സമ്പത്ത് സമാഹരിക്കാനുള്ള വഴികളും മാർഗങ്ങളും പോലുള്ള വിശദാംശങ്ങൾ എന്നിവയും പാർട്ടികൾ കൃത്യമായി നൽകണം. നിശ്ചിത സമയത്ത് പാർട്ടികളിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിൽ ഈ വിഷയത്തിൽ പാർട്ടിക്ക് പ്രത്യേകമായി ഒന്നും പറയാനില്ലെന്ന് വിലയിരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാർട്ടികൾക്കയച്ച കത്തിൽ പറയുന്നു.