Spread the love

മഹാരാഷ്ട്ര: മഹാരാഷ്ട്ര മന്ത്രിസഭയുടെ വിപുലീകരണം ഉടൻ ഉണ്ടാകും. ഏക്നാഥ് ഷിൻഡെ മന്ത്രിസഭയിൽ 43 അംഗങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ബിജെപിയും ശിവസേന വിമതപക്ഷവും തമ്മില്‍ ചില വകുപ്പുകള്‍ സംബന്ധിച്ച് ഇപ്പോഴും അന്തിമധാരണ ആയിട്ടില്ല. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ നിന്ന് വിമത ക്യാമ്പിൽ ചേർന്നവർക്കും മന്ത്രിസ്ഥാനം നൽകും. ഷിൻഡെയ്ക്കൊപ്പം നിന്ന 11 സ്വതന്ത്ര എംഎൽഎമാരിൽ നാല് പേർക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും. മന്ത്രിസഭ സംബന്ധിച്ച അന്തിമ ചർച്ചകൾക്കായി ബിജെപി കോർ കമ്മിറ്റി യോഗം ചേർന്നു. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, സി ടി രവി എന്നിവർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ, പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ സന്ദർശനം മാത്രമാണ് ചർച്ച ചെയ്തതെന്നും മന്ത്രിസഭാ വിപുലീകരണം ചർച്ച ചെയ്തിട്ടില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ബി.ജെ.പി നേതൃത്വം പറഞ്ഞു.

ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെ സർക്കാരിന് നിയമസഭയിലെ 164 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. 40 ശിവസേന എംഎൽഎമാരാണ് ഏക്നാഥ് ഷിൻഡെയെ പിന്തുണച്ചത്.

288 അംഗ നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. തനിക്ക് 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്ന് ഷിൻഡെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും 40 പേർ വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണച്ചു. വിശ്വാസവോട്ടെടുപ്പിൽ വിജയിക്കാൻ 144 വോട്ടുകളാണ് വേണ്ടത്. 164 എം.എൽ.എമാരുടെ പിന്തുണയാണ് ഷിൻഡെ വിഭാഗത്തിന് ലഭിച്ചത്. രാവിലെ 11 മണിക്കാണ് നിയമസഭ സമ്മേളിച്ചത്. കോൺഗ്രസ് എംഎൽഎമാരായ അശോക് ചവാനും വിജയ് വഡെട്ടിവാറും തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

By newsten