മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കും വിമത നീക്കങ്ങൾക്കും ശേഷം വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ പിന്തുണയോടെയാണ് ഷിൻഡെ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്.
വൈകിട്ട് 7.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവർണർ ഭഗവത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി (എംവിഎ) സഖ്യസർക്കാരിനെ താഴെയിറക്കി മഹാരാഷ്ട്രയുടെ ഭരണം ബിജെപി തിരിച്ചു പിടിച്ചിരിക്കുകയാണ്.
രണ്ടാഴ്ചത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് അപ്രതീക്ഷിതമായി ഷിന്ദേയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. വിമത എം.എൽ.എമാർക്കൊപ്പം ഗോവയിലായിരുന്ന ഷിന്ദേ, ഫഡ്‌നാവിസിനൊപ്പം ഇന്ന് ഉച്ചയോടെ മുംബൈയിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിന്ദേ ഉപമുഖ്യമന്ത്രിയാകുമെന്നും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ ഗവർണറെ കണ്ട ശേഷം ഫഡ്‌നാവിസ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും ഷിന്ദേ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രിസഭാ വിപുലീകരണം അടുത്ത ദിവസങ്ങളിൽ നടക്കും. സർക്കാരിൻറെ ഭാഗമാകില്ലെന്ന് ഫഡ്‌നാവിസ് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ദേശീയ നേതൃത്വത്തിൻറെ ഇടപെടലിലൂടെയാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.