ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചും ഏഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനും തമ്മിൽ ശനിയാഴ്ച നിർണായക ചർച്ച നടത്തും. ഇന്ത്യൻ ദേശീയ ടീമിന്റെ ഏഷ്യാ കപ്പ് ഒരുക്കങ്ങളെക്കുറിച്ചാണ് ചർച്ചകൾ നടക്കുകയെന്നാണ് റിപ്പോർട്ട്.
ക്രൊയേഷ്യൻ പരിശീലകനായ സ്റ്റിമാച്ച് അടുത്തിടെയാണ് ഏഷ്യാ കപ്പ് വരെ കരാർ പുതുക്കിയത്. എന്നാൽ ഏഷ്യാ കപ്പ് എപ്പോൾ, എവിടെ നടക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഏഷ്യാ കപ്പിന് മുന്നോടിയായി എട്ടാഴ്ചത്തെ ദേശീയ ടീം ക്യാമ്പ് നടത്താനാണ് സ്റ്റിമാച്ച് ആഗ്രഹിക്കുന്നത്. സ്റ്റിമാച്ചിന്‍റെ ആവശ്യം നടപ്പാക്കണമെങ്കിൽ ഐഎസ്എല്ലിന്‍റേത് ഉൾപ്പെടെയുള്ള സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരും. ഈ സാഹചര്യത്തിൽ സ്റ്റിമാച്ചിന്‍റെ ആവശ്യം അംഗീകരിക്കപ്പെടുമോ എന്ന് കണ്ടറിയണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിംഗപ്പൂരിനും വിയറ്റ്നാമിനുമെതിരെ ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു. ഒരു തോൽവിയും സമനിലയും ആയിരുന്നു ഫലം. അടുത്ത വർഷം മാർച്ചിൽ ഇന്ത്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്നുണ്ട്. മാർച്ചിലെ മത്സരങ്ങൾ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ചും ചർച്ചകൾ ഉണ്ടാകുമെന്നാണ് സൂചന.