ആലപ്പുഴ: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്ന് (ഇഡി) നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ച് മുൻ മന്ത്രി തോമസ് ഐസക്. ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി ഇന്നലെ വാർത്തയുണ്ടായിരുന്നു. എന്നാൽ നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു തോമസ് ഐസക് ആദ്യം പ്രതികരിച്ചത്. ഇന്ന് ഉച്ചയോടെ ഇ.ഡി നോട്ടീസ് ഇമെയിലിൽ ലഭിച്ചതായി തോമസ് ഐസക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചില മാധ്യമപ്രവർത്തകർക്ക് ഇ.ഡി സമൻസ് ചോർത്തി നൽകിയപ്പോഴും തനിക്ക് അത് ലഭിച്ചില്ലെന്നും അപ്പോള്‍ കളി കാര്യമാണെന്നും തോമസ് ഐസക് കുറിച്ചു. നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്നും ഇ.എം.എസ് അക്കാദമിയിൽ മൂന്ന് ക്ലാസുകളുണ്ടെന്നും ഐസക് പറഞ്ഞു. പിന്നീടുള്ളത് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി പ്രവർത്തനങ്ങൾ നിയമപരമല്ലെന്നും ക്രമക്കേടുകളുണ്ടെന്നുമുള്ള സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം സ്വീകരിച്ചതിലും മസാല ബോണ്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി തേടിയതിലും ഉള്ള ക്രമക്കേടുകളാണ് അന്വേഷിക്കുന്നത്.