Spread the love

ന്യൂഡ‍ൽഹി: രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അനാവശ്യമായി വൈകുന്നതിൽ പ്രതിഷേധിച്ച് ഇ.ഡി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഡൽഹി പോലീസ് തടഞ്ഞു. കോൺഗ്രസ് എംപിമാരെ ബലംപ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒരു വിഭാഗം പ്രവർത്തകർ പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ചു. മാർച്ചിന് മുന്നോടിയായി എ.ഐ.സി.സി ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച്, പൊലീസ് നേതാക്കളെ തടഞ്ഞിരുന്നു. ബാരിക്കേഡിൽ പ്രവേശിച്ചവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പോലീസുമായി വാക്കേറ്റമുണ്ടായി. ഇത് പോലീസ് അതിക്രമമാണെന്ന് ലോക്സഭയിലെ പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചാം ഘട്ട ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ചൊവ്വാഴ്ച ഇഡി ഓഫീസിൽ ഹാജരായി. ഇതുവരെ 40 മണിക്കൂറിലധികം ചോദ്യം ചെയ്ത രാഹുലിനെ ഇന്ന് വീണ്ടും വിളിപ്പിച്ചു. ഒരു കാരണവുമില്ലാതെയാണ് ചോദ്യം ചെയ്യൽ നീട്ടുന്നതെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. ഇ.ഡിയുടെ നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കൾ എ.ഐ.സി.സി ആസ്ഥാനത്ത് സത്യാഗ്രഹം നടത്തുകയാണ്.

By newsten