തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഈ മാസം 30ന് അവലോകന യോഗം ചേരും. വിഷയത്തിൽ സർക്കാരിന്റെ നടപടികൾ യോഗത്തിൽ വിലയിരുത്തും. വനം മന്ത്രി, അഡ്വക്കേറ്റ് ജനറൽ, വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖലയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വിധിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കോടതി ഉത്തരവ് വനസംരക്ഷണ നയത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി നിഷ്കർഷിച്ചിട്ടുള്ള വനസംരക്ഷണ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജനസാന്ദ്രതയേറിയ പ്രദേശങ്ങളെ പരിസ്ഥിതി ലോലമാക്കാനുള്ള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ തീരുമാനം. ജനങ്ങളുടെ താൽപര്യം മുൻ നിർത്തി സുപ്രീം കോടതിയെയും കേന്ദ്ര സർക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.