തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളെ നിര്‍ണയിക്കുമ്പോള്‍, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, കടുവാ സങ്കേതങ്ങൾ എന്നിവയുൾപ്പെടെ 23 പ്രത്യേക വനമേഖലകളിൽ ഇളവുകൾ നൽകണമെന്ന് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് 24 വനമേഖലകളാണ് ഈ വിഭാഗത്തിലുള്ളത്.
ജനവാസ മേഖലകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള എംപവേർഡ് കമ്മിറ്റിയോട് സംസ്ഥാനം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ജനവാസമില്ലാത്ത മതികെട്ടാന്‍ചോലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കുന്നതിൽ സംസ്ഥാനത്തിന് എതിർപ്പില്ല. ഇതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ചുറ്റും ഒരുകിലോമീറ്ററിനുള്ളില്‍ ജനവാസമുള്ള മറ്റ് 23 വനമേഖലകളിലും കൃഷിയിടങ്ങളിലുമാണ് സംസ്ഥാനത്തിന് ഇളവ് വേണ്ടത്. ഇവയിൽ പതിനാറ് സ്ഥലങ്ങൾക്ക് വനപ്രദേശങ്ങളോട് ചേർന്നുള്ള ചെറിയ പട്ടണങ്ങളോ വലിയ ജനവാസ മേഖലകളോ ഉണ്ട്.