Spread the love

അബുദാബി: കഴിഞ്ഞ ദിവസം തെക്കൻ ഇറാനിൽ ഉണ്ടായ ഭൂകമ്പം യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നേരിയ തോതിൽ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ ഏജൻസി അറിയിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ആളുകൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭൂചലനം ഉണ്ടായതായി യു.എ.ഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചു.

പ്രാദേശിക സമയം വൈകിട്ട് 5.59നാണ് യു.എ.ഇയിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തെക്കൻ ഇറാനിലെ ബന്ദര്‍-ഇ-ലേങിന് സമീപമാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. എവിടെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇറാനിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഈ വർഷം നിരവധി തവണ ചെറിയ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

By newsten