ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 46 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
ഭൂകമ്പത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനം രക്ഷ തേടി റോഡിലേക്ക് ഇറങ്ങി ഓടുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. വെസ്റ്റ് ജാവ പ്രവിശ്യയിലെ സിയാന്‍ജൂര്‍ മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഇവിടം കേന്ദ്രീകരിച്ച് 6 തുടര്‍ചലനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ ആശുപത്രികള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയവ തകര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രേറ്റര്‍ ജക്കാര്‍ത്ത മേഖലയിലാണ് ഭൂകമ്പം കനത്ത നാശം വിതച്ചത്.കഴിഞ്ഞ ഫെബ്രുവരിയില്‍ വെസ്റ്റ് സുമാത്ര പ്രവിശ്യയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍, 25 പേര്‍ മരിക്കുകയും 460 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജനുവരിയില്‍ വെസ്റ്റ് സുലെവാസി പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ നൂറിലേറെ പേരാണ് മരിച്ചത്.