Spread the love

ഇ പി ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് എ കെ ബാലൻ. പരാതി അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടുന്നത് സാധാരണ നടപടി മാത്രമാണെന്നും എ കെ ബാലൻ പറഞ്ഞു. കുറ്റകൃത്യങ്ങൾ നിയമപരമായി തടയാൻ പൗരന് അധികാരമുണ്ടെന്നും ബാലൻ പറഞ്ഞു. ഇതാണ് ഇ പി ജയരാജൻ ചെയ്തത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും ഇ.പി ജയരാജനും നിയമത്തിന് മുന്നിൽ സംരക്ഷിതരാണെന്നും ബാലൻ കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ ഇ.പി ജയരാജനെതിരെ വലിയതുറ പൊലീസ് കേസെടുത്തു. വധശ്രമം, ക്രിമിനൽ ഗൂഡാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധക്കാരെ വിമാനത്തിൽ തള്ളിയിട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗണ്മാനും, ഇ.പി ജയരാജനും, പേഴ്സണൽ സ്റ്റാഫിനുമെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവരാണ് ഹർജി നൽകിയത്.

പ്രതിഷേധത്തിനിടെ ഇ.പി.ജയരാജൻ തങ്ങളെ മർദ്ദിച്ചതായി ഇവർ ഹർജിയിൽ പറയുന്നു. ഇ പി ജയരാജൻ കഴുത്തിൽ കുത്തിപിടിച്ചെന്നും മുഖത്ത് അടിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നും ഹർജിയിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ ജീവനോടെ ഉണ്ടാകില്ലെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ‘പ്രതിഷേധം’ എന്ന മുദ്രാവാക്യം വിളിച്ചതിനാണ് ആക്രമണമെന്നും ഹർജിയിൽ പറയുന്നു.

By newsten