പഞ്ചാബ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ ഔദ്യോഗിക വസതിക്ക് 10,000 രൂപ പിഴ ചുമത്തി. മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ നടപടി സ്വീകരിച്ചത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ബറ്റാലിയനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഹർജിന്ദർ സിങ്ങിന്‍റെ പേരിലാണ് ചലാൻ നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വസതിയിലെ ഏഴാം നമ്പർ വീടിന് പിന്നിലെ ജീവനക്കാർ മാലിന്യം തള്ളുന്നത് സംബന്ധിച്ച് കുറച്ച് കാലമായി പ്രദേശവാസികളിൽ നിന്ന് പരാതികൾ ലഭിക്കുന്നുണ്ടെന്ന് പ്രാദേശിക ബിജെപി കൗൺസിലർ മഹേഷീന്ദർ സിംഗ് സിദ്ദു പറഞ്ഞു. വീടിൻ പുറത്ത് മാലിന്യം വലിച്ചെറിയരുതെന്ന് മുനിസിപ്പൽ ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും നിർത്തിയില്ലെന്നും അതിനാൽ ചലാൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 44, 45, 6, 7 നമ്പറുകളിലുള്ള വീടുകൾ മുഖ്യമന്ത്രിയുടെ വസതിയുടെ ഭാഗമാണെന്നും ബിജെപി കൗൺസിലർ കൂട്ടിച്ചേർത്തു.