അമ്പലവയല്‍: ഒരു മാസത്തോളമായി വടുവൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ ഹാജർ നില കുറഞ്ഞിട്ടേയില്ല.വിവിധ കാരണങ്ങളാൽ സ്കൂളിലെത്താൻ മടികാണിച്ചിരുന്ന ഗോത്രവിഭാഗത്തിലുൾപ്പെടെയുള്ള കുട്ടികൾക്ക് ഇപ്പോൾ സ്കൂളിലെത്താൻ തിടുക്കമാണ്.സ്കൂളിലേക്കും,ഗ്രൗണ്ടിലേക്കും ഒന്നുപോലെ കുട്ടികളെ ആകർഷിക്കുന്നതാകട്ടെ ഫുട്ബോൾ.
ലോകം മുഴുവൻ ഖത്തർ പൂരത്തിൽ ലയിച്ചിരിക്കുന്ന ഈ സമയത്ത് വടുവൻചാൽ ഗവ. സ്കൂൾ ഗ്രൗണ്ടിലും പന്തുരുളുകയാണ്. 8 മുതലുള്ള ക്ലാസുകളിലെ ആൺകുട്ടികളാണ് ഉത്സാഹത്തോടെ ഗ്രൗണ്ടിലെത്തുന്നത് ഉപജില്ലാതലത്തിൽ മത്സരിച്ച് വിജയിച്ചവർ മുതൽ തുടക്കക്കാർ വരെ സംഘത്തിലുണ്ട്.വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ഐ.എസ്.എൽ മോഡൽ ഫുട്ബോൾ മത്സരം സംപൂർണ്ണ വിജയമായിക്കഴിഞ്ഞു.ആദ്യമായി സ്കൂളിൽ അവതരിപ്പിച്ച പ്രീമിയർ ലീഗ് ഫൈനലിലേക്കടുക്കുമ്പോൾ അധ്യാപകരും, വിദ്യാർത്ഥികളും,രക്ഷിതാക്കളും സന്തുഷ്ടരാണ്.
90 ശതമാനം ഹാജർ ഉണ്ടെങ്കിൽ മാത്രമേ എത്ര നല്ല കളിക്കാരനാണെങ്കിലും ടീമിൽ അവസരമുള്ളൂ.സ്വഭാവ സർട്ടിഫിക്കറ്റ് മോശമാണെങ്കിൽ സൈഡ് ബെഞ്ചിൽ പോലും സ്ഥാനമില്ല. നിരവധി ഫ്രാഞ്ചെയ്സികൾ ലേലത്തിൽ സ്വന്തമാക്കിയ ആറ് ടീമുകളാണ് ആദ്യ സീസണിൽ മാറ്റുരക്കുന്നത്.ജേഴ്സി,ബൂട്ട്,പന്ത് എന്നിവയെല്ലാം സ്പോൺസർമാർ നൽകും. 4 മണിക്ക് സ്കൂൾ ബെൽ മുഴങ്ങിയാലുടൻ വിദ്യാർത്ഥികൾ ഗ്രൗണ്ടിലെത്തും. കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകൃത റഫറി കെ.എസ്.സന്തോഷാണ് പരിശീലകൻ. കുറഞ്ഞ സമയത്തിനുള്ളിൽ വളരെ മികച്ച റിസൽട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.