തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേളയിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയതിനെ തുടർന്നാണ് സഭ നിർത്തിവെച്ചത്. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചത്.
അതേസമയം, സമ്മേളനത്തിനിടെ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അനിത പുല്ലയില്‍ ലോക കേരള സഭ നടക്കുമ്പോഴാണ് പാസില്ലാതെ നിയമസഭയിലെത്തിയതെന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് സുരക്ഷ കർശനമാക്കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മീഡിയാ റൂം ഒഴികെയുള്ള സ്ഥലങ്ങളിലെല്ലാം മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങളുണ്ട്.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് വിവരം. അതേസമയം, സഭ ആരംഭിച്ചയുടൻ ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന്റെ ദൃശ്യങ്ങൾ സഭ ടിവിയിൽ കാണിച്ചില്ല. ഭരണകക്ഷി അംഗങ്ങളുടെ ദൃശ്യങ്ങൾ മാത്രമാണ് സംപ്രേഷണം ചെയ്തത്. പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് സഭ ടിവിക്ക് വാക്കാൽ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.