അപകടകരമായ രീതിയിൽ അശ്രദ്ധമായി സ്കൂട്ടർ ഓടിച്ചയാൾക്ക് പാലക്കാട് ജില്ലാ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പിഴ ചുമത്തി. കൊഴിഞ്ഞാമ്പാറ സ്വദേശി ചള്ള ചെന്താമരക്കെതിരെയാണ് നടപടി. ലൈസൻസ് ഇല്ലാത്തതിനും ഹെൽമറ്റ് ധരിക്കാത്തതിനുമാണ് ചെന്താമരയ്ക്ക് 5,500 രൂപ പിഴ. ചെന്താമരയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ഭാര്യയുടെ പേരിൽ ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ലൈസൻസില്ലാത്തയാൾക്ക് വാഹനം നൽകിയതിന് വാഹന ഉടമയായ ചെന്താമരയുടെ മകൾക്ക് 5,000 രൂപ പിഴയും ചുമത്തി. ഇൻഡിക്കേറ്റർ പോലും ഇടാതെ വലത്തോട്ട് തിരിഞ്ഞ് അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് യാത്രക്കാരനെ കണ്ടെത്തി നടപടി സ്വീകരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നല്ലേപ്പിള്ളി വാളറയിലാണ് സംഭവം. ഇടതുവശത്തുണ്ടായിരുന്ന സ്കൂട്ടർ പെട്ടെന്ന് സിഗ്നൽ നൽകാതെ ബസിന് മുന്നിലേക്ക് തിരിഞ്ഞ് വലത്തോട്ടുള്ള റോഡിലേക്ക് തിരിഞ്ഞു. തൃശൂർ-കൊഴിഞ്ഞാമ്പാറ റൂട്ടിലോടുന്ന ബസിന് മുന്നിലേക്ക് അശ്രദ്ധമായി സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. ബസ് ഡ്രൈവറുടെ മനസ്സിന്റെ സാന്നിദ്ധ്യം കാരണം വലിയ അപകടം ഒഴിവായി. ബസിനുള്ളിൽ സി.സി.ടി.വി. ക്യാമറ ഉണ്ടായിരുന്നതിനാൽ ദൃശ്യങ്ങൾ ലഭിക്കുകയും കുറ്റകൃത്യം സ്ഥിരീകരിക്കുകയും ചെയ്തു. 40 നും 60 നും ഇടയിൽ പ്രായമുള്ളവരാണ് ഇരുചക്രവാഹനങ്ങളിലെ അശ്രദ്ധ മൂലം അപകടങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത്. റോഡ് നിയമങ്ങൾ ശരിയായി പാലിക്കപ്പെടുന്നില്ല.